Monday, May 09, 2016

അവകാശങ്ങൾ നിഷേധിക്കപ്പെട്ട വിഭാഗം 

ലോകമെമ്പാടും മനുഷ്യാവകാശങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമ്പോഴും അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട വിഭാഗമായി കേരളത്തിലെ അധ്യാപകരും അനധ്യാപകരും  മാറുന്നു.വിദ്യാഭ്യാസം സ്വകാര്യമേഖലയിലേക്ക് മാറുമ്പോൾ സംസ്ഥാന സർക്കാർ ,എയ്ഡഡ് സ്കൂളുകളിൽ ഭൂരിഭാഗവും നോക്കുകുത്തികളായി മാറുന്നു.പ്രത്യേകിച്ച് കൊച്ചി പോലുള്ള വൻനഗരങ്ങളിൽ. ഇളംതലമുറയ്ക്കുവേണ്ടി ആത്മാർഥമായി കൈമെയ്യ് മറന്നു പ്രവർത്തിക്കുന്ന അധ്യാപകരാവട്ടെ തൊഴിൽ നഷ്ടപ്പെട്ട് ഇനിയെന്ത് എന്ന ഉത്തരം കിട്ടാത്ത ചോദ്യവുമായി വലയുന്നു.വിരലിലെണ്ണാവുന്ന സ്കൂളുകളൊഴിച്ച് ബാക്കിയുള്ളവയൊക്കെ കുട്ടികളുടെ എണ്ണം തികയ്ക്കാൻ പാടുപെടുന്നു.ആർഭാടപൂർണമായ ജീവിത രീതിയും ,സ്വകാര്യവല്ക്കരണത്തോടും പാശ്ചാത്യസംസ്ക്കാരത്തോടുള്ള ഭ്രമവും ആളുകളെ സർക്കാർ ,എയ്ഡഡ് സ്കൂളുകളിൽ നിന്ന് അകറ്റാൻ കാരണമാകുന്നു.സർക്കാരാവട്ടെ അധ്യാപകരോട് ചിറ്റമ്മ നയമാണ് തുടരുന്നത്.ചെയ്യുന്ന ജോലിയുടെ ഏറ്റക്കുറച്ചിലുകൾ സർക്കാർ ഉദ്യോഗസ്ഥരുടെ ജോലിയെ ബാധിക്കുന്നില്ല. പക്ഷെ ക്ലാസ്സിൽ ഒന്നോ, രണ്ടോ കുട്ടികളുടെ എണ്ണം കുറഞ്ഞാൽ അധ്യാപകരുടേയും അനധ്യാപകരുടെയും ജോലി നഷ്ടമാകുന്നു. സമൂഹത്തിലെ പരമപ്രധാനമായ സേവനമനുഷ്ഠിക്കുന്ന അധ്യാപകരോട് ഈ ക്രൂരത കാട്ടുന്നത് അനീതിയാണ് ;അവകാശ ലംഘനമാണ് .ഒരു നല്ല തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകർ  വഹിക്കുന്ന പങ്ക് ചെറുതല്ല.വർഷങ്ങളോളം ജോലി ചെയ്തിട്ടും ഏതു നിമിഷവും ജോലി നഷ്ടമായേക്കാവുന്ന ഈ അനിശ്ചിതാവസ്ഥ അവരെ മാനസികമായി ഏറെ തളർത്തുന്നു.അധ്യാപകർക്കും ജീവിക്കാൻ പണം തന്നെ വേണം.അവരും മനുഷ്യരാണ്.മൃഗങ്ങൾക്കുപോലും അവരുടേതായ അവകാശങ്ങളുള്ള ഈ നാട്ടിൽ അധ്യാപകർക്കുമാത്രം സംരക്ഷണം ഇല്ലാതെ പോകുന്നു.ഇതിനൊരറുതി വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അല്ലെങ്കിൽ സമൂഹത്തിലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും.